കൽപറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്‌റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം നൽകിയത്. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണു നിയമനം സാധ്യമായത്.
ചൊവ്വാഴ്‌ച സർവകലാശാലയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിൽ യോഗമാണ് സസ്പെൻഷൻ നീട്ടേണ്ടെന്നു തീരുമാനിച്ചത്. മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്.അനിൽ, ടി.സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ.വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി.ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്കു കടക്കണമെന്നാണു നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ മറ്റ് 12 പേരുടെ പിന്തുണയോടെ സ്‌ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചുണ്ടിക്കാട്ടിയാണ് കൂടുതൽ അച്ചടക്കനടപടികൾക്കു മുതിരാതെ ഇരുവരെയും സ്‌ഥലംമാറ്റാൻ തീരുമാനിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണു തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്.അനിൽ
പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ ആൾക്കൂട്ട മർദനത്തിനിരയായിരുന്നു. സർവകലാശാല നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിലും ഡീൻ എം.കെ. നാരായണനും അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥനും കുറ്റക്കാരാണെന്നു കണ്ടെത്തി. കഴിഞ്ഞ ഏഴുമാസമായി ഇരുവരും സസ്പെൻഷനിലാണ്. ആറുമാസത്തെ സസ്പെഷൻ കാലാവധി അവസാനിച്ചപ്പോൾ, ഇരുവർക്കും വീഴ്ചപറ്റിയെന്നും 45 ദിവസത്തിനുള്ളിൽ മാനേജ്‌മെന്റ് കൗൺസിൽ ചേർന്ന് തുടർ നടപടിയെടുത്തെന്ന് അറിയിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാനേജ്മെന്റ് കൗൺസിൽ ചേർന്നത്. തുടർന്ന് സ്‌ഥലം മാറ്റാൻതീരുമാനിക്കുക ആയിരുന്നു.
The government made a deal with Dean Agree with Kantan... Siddhartha Map...